Mon-Sat: 4 pm to 7 pm | +9349159008
Parappanangadi • Since 1952
1952-ൽ സ്ഥാപിതമായ നവജീവൻ വായനശാലയ്ക്ക് തുടക്കംകുറിച്ചതിനുപിന്നിൽ ഒരുപാട് മഹത് വ്യക്തിത്വങ്ങളുടെ പ്രയത്നങ്ങൾ ഉണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കമ്മ്യൂണിസ്റ്റുകാരനും ആയിരുന്ന സി.എം.യജ്ഞമൂർത്തി നമ്പൂതിരിപ്പാട് ആയിരുന്നു അതിന് നേതൃത്വം നൽകിയ പ്രധാന വ്യക്തി. അദ്ദേഹം തന്നെയായിരുന്നു വായനശാലയുടെ പ്രഥമ പ്രസിഡണ്ടും.
ആലത്തിയൂർ ഗോപാലകൃഷ്ണൻ മാസ്റ്റർ, ടി.നാരായണൻ കുട്ടി, കൃഷ്ണൻ നമ്പീശൻ, എം.പി.അബ്ദുള്ള, വി.ശിവശങ്കരൻ, ടി.കെ.അരവിന്ദൻ, ടി.രാമകൃഷ്ണൻ തുടങ്ങി നിരവധിപേരുടെ നേതൃത്വപരമായ ഇടപെടലുകൾ വായനശാലയെ മുന്നോട്ടു നയിച്ചു.
പൊതുസമൂഹത്തിൻറെ വായനബോധം വളർത്തുന്നതിൽ നവജീവൻ വായനശാല നിസ്തുലമായ പങ്കു വഹിച്ചുപോന്നു.ഇന്ന് നവജീവൻ വായനശാല ഒരുപാട് മുന്നേറ്റങ്ങളുടെ പാതയിലാണ്.ഒരു പൊതുവായനശാല എന്നതിനൊപ്പം പൊതു സാംസ്കാരിക ഇടമായി വായനശാല വളർന്നിട്ടുണ്ട്. കലാ - സാഹിത്യ - സാംസ്കാരിക - വൈജ്ഞാനിക മേഖലകളിൽ നവജീവൻ വായനശാല കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ബാലവേദി,നവജീവൻ ഫിലിം ക്ലബ്ബ് (NFC),വനിതാവേദി,വയോജനവേദി എന്നിങ്ങനെ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളും സജീവമാണ്.
30-ലേറെ വർഷങ്ങളായി നടന്നുവരുന്ന ബാലചിത്രരചനാ മത്സരം, അഖില കേരള അടിസ്ഥാനത്തിൽ നടന്നുവരുന്ന പരിപാടികൾ ആയ ക്വിസ് മത്സരം, അഭിനയപ്രതിഭ പുരസ്കാരം, യുവകവിതാ പുരസ്കാരം, നവജീവൻ സാംസ്കാരിക പുരസ്കാരം എന്നിവ എടുത്തുപറയേണ്ട പ്രവർത്തന മേഖലകൾ ആണ്.
വായനശാലയിൽ ഏകദേശം പതിനയ്യായിരത്തോളം പുസ്തകങ്ങളുണ്ട്. കേരളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങൾ നവജീവൻ വായനശാലയിൽ ലഭ്യമാണ്. നല്ലൊരു റഫറൻസ് ലൈബ്രറിയും വായനശാലയിൽ പ്രവർത്തിക്കുന്നു. മലയാള പുസ്തകങ്ങൾക്ക് ഉപരി നല്ലൊരു ഇംഗ്ലീഷ് പുസ്തക ശേഖരവും വായനശാലയിൽ ഉണ്ട്. നോവലുകൾ കഥകൾ നാടകങ്ങൾ ഡിറ്റക്ടീവ് നോവലുകൾ നിരൂപണങ്ങൾ വിവർത്തനങ്ങൾ തുടങ്ങി സർവമേഖലകളിലെയും പുസ്തകങ്ങൾ നവജീവൻ വായനശാലയിൽ ലഭ്യമാണ്.
സ്വന്തമായ മൂന്നുനില കെട്ടിടത്തിലാണ് നവജീവൻ വായനശാല പ്രവർത്തിക്കുന്നത്. പ്രശസ്ത സിനിമ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് ആയിരുന്നു വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
വായനശാലയിലേക്ക് വരൂ എന്ന് മാത്രമാണ് ഞങ്ങൾക്ക് പറയാനുള്ളത്.
Malayalam
English
Kids
References
സനിൽ നടുവത്ത്
സ്മിത
വിനോദ് കുമാർ തള്ളശ്ശേരി
മനീഷ് കെ പി